സാന്താ ക്ലാര
സാന്താ ക്ലാര, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാന്താ ക്ലാര കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം 116,468 ജനസംഖ്യയുള്ള ഈ നഗരം സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തെ ജനസംഖ്യയിൽ ഒൻപതാം സ്ഥാനമുള്ള നഗരമാണ്. സാൻ ഫ്രാൻസിസ്കോയ്ക്ക് 45 മൈൽ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ഈ നഗരം, 1777 ൽ 21 കാലിഫോർണിയ മിഷനുകളിലെ എട്ടാമത്തെ മിഷനായ സാന്താ ക്ലാര ഡി ആസിസിൻറെ ഭാഗമായി സ്ഥാപിതമായി. പിന്നീട് 1852 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു. മിഷൻ, നഗരം, കൗണ്ടി തുടങ്ങിയവയെല്ലാം അസീസിയിലെ വിശുദ്ധ ക്ളാരയുടെ പേരിൽ അറിയപ്പെട്ടു. സിലിക്കൺ വാലിയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന സാന്ത ക്ലാരയിലാണ് ഇൻറൽ പോലെയുള്ള നിരവധി ഹൈ-ടെക്ക് കമ്പനികളുടെ ആസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നത്. കാലിഫോർണിയ സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സാന്താ ക്ലാര യൂണിവേഴ്സിറ്റി ഇവിടെയാണ്. ഇത് മിഷൻ സാന്താ ക്ലാര ഡെ ആസിസിന്റെ ചുറ്റുമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.